Pages

Thursday, 1 November 2012

എന്റെ നിശബ്ദ തേങ്ങലുകൾ

ജീവനുണ്ടായിരുന്ന മനുഷ്യ രക്തത്തിന്റെ അവസാന തുള്ളിയും വാർന്നൊഴികിയപ്പോൾ വെറുമൊരു ഒഴിഞ്ഞ പാത്രമായി ഇന്നു ഞാൻ.
കഴിഞ്ഞ ആഴ്ച്ച വരെ ജീവന്റെ തുടിപ്പുണ്ടായിരുന്നു.(അതായത് 20 ആഴ്ച്ച എന്നോട് ഒട്ടിച്ചേർന്നു കിടന്ന ആ ജീവന്റെ തുടിപ്പ് പറിച്ചു കളഞ്ഞു കഴിഞ്ഞ ആഴ്ച്ച)...ഇന്നിതാ ഇവിടെ ബാക്കിയായ അവസാന തുള്ളി രക്തവും വാർന്നോഴുകി ഞാൻ ഏകയായി...എന്നാൽ എന്നെ വഹിച്ചു കൊണ്ടു നടക്കുന്നവളുടെ കണ്ണുനീർ ഇന്നും തോർന്നിട്ടില്ല.ചിലപ്പോൾ ഏങ്ങലടികൾ..ചിലപ്പോൾ നിലവിളികൾ...ചിലപ്പോൾ ബോധമറ്റു കിടക്കും....
ഒരു പാവം പെണ്ണാണവൾ..പ്രെഗ്നൻസി ടെസ്റ്റ് കാർഡിൽ രണ്ടു ലൈൻ വരാൻ വർഷങ്ങളോളം നോമ്പുനോറ്റു കാത്തിരുന്നവൾ...അതിനിടയിൽ ഒരു പാട് പരിഹാസങ്ങൾ,പ്രസവിക്കാൻ പറ്റാത്തവൾ എന്ന കുറ്റപ്പെടുത്തലുകൾ,വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യത്തെ ഭയന്ന് പുറം ലോകത്തു നിന്നു ഓടിയൊളിച്ച് തന്റെ ലോകത്തു മാത്രം അവൾ ജീവിച്ചു.പ്രാർത്ഥനകളും വഴിപാടുകളും,മുടങ്ങാതെയുള്ള മരുന്നുകളും ....മനസ്സും ശരീരവും തളരാതെ അവൾ കാത്തിരുന്നത് ഒരു കുഞ്ഞിനു വേണ്ടീ...
എന്റെ കാര്യവും അതു തന്നെയായിരുന്നു.ശൂന്യമായ ഇവിടെ ഒരു കുഞ്ഞ് വളരാൻ ഞാൻ ഏറെ കൊതിച്ചു.എനിക്കൊരു കുഴപ്പവും ഇല്ലായിരുന്നു.എങ്കിലും മുടങ്ങാതെ അവൾ കഴിക്കുന്ന മരുന്നുകൾ എന്നെ തേടിയെത്തി
അങ്ങനെ ഒരു ദിവസം...എന്തോ ഒന്ന് ഇഴഞ്ഞു വന്നു എന്നുള്ളിൽ ഒട്ടിപ്പിടിച്ചു...പെട്ടെന്നു തന്നെ ഞാൻ തിരിച്ചറിഞ്ഞു അതാണു ജീവന്റെ കണം അവളുടെ പ്രാർത്ഥനയുടെ ഫലം.അവൾക്കു ഞാൻ കോടുക്കേണ്ട സമ്മാനം.....മനസ്സിൽ ഉറപ്പിച്ചു 38 ആഴ്ച്ച അതിനെ ഒരു പോറലുമേൽക്കാതെ സൂക്ഷിക്കുമെന്ന്....സ്വപ്നം കണ്ടു അതിനെ ഒരു കുഞ്ഞാക്കി അവൾക്ക് സമ്മാനിക്കുന്നത്...
അവൾ അതറിഞ്ഞപ്പോൾ സന്തോഷം കൊണ്ടു മതിമറന്നു.കുഞ്ഞു ജീവനേക്കാൾ വേഗത്തിൽ അവളുടെ സ്വപ്നങ്ങളും വളരാൻ തുടങ്ങി....ദിവസവും അവൾ എന്റെ മേൽ തലോടി അവളുടെ സാനിധ്യമറിയിച്ചു.(ആ കുഞ്ഞ് അതൊക്കെ അറിഞ്ഞിട്ടുണ്ടാവുമോ...?) എനിക്ക് അനക്കം തട്ടാതിരിക്കാൻ ഡോക്റ്റർ പറഞ്ഞതു പോലെയൊക്കെ അവൾ അനുസരിച്ചു...
ദിവസങ്ങളും ആഴ്ച്ചകളും കടന്നു പോയി,ഹൃദയമായിരുന്നു ആദ്യം ചലിച്ചു തുടങ്ങിയത്...ഓരോ വളർച്ചയും ഞാൻ നോക്കി കണ്ടു.ആദ്യം ഒരു മാംസ കഷ്ണം,പിന്നെ തലയും ഉടലും വേരിതിരിച്ചറിയാൻ തുടങ്ങി..മെല്ലെ മെല്ലെ ഓരോ അവയവങ്ങളും......പക്ഷെ ഇടതു കൈയ്യിന്റെ വളർച്ച ഇടയ്ക്കു വച്ചു നിന്നു പോയി...ക്രമേണ വരുമെന്നാ ഞാൻ കരുതിയത്.പക്ഷെ വലതു കൈയ്യിൽ വിരലുകൾ വന്നിട്ടും ഇടതു കൈ മാത്രം വളർന്നില്ല.
പിന്നെ പിന്നെ കൈകാലുകൾ കൊണ്ട് എന്നെ തൊട്ടുണർത്താൻ തുടങ്ങി.അവൾക്കെന്തു സന്തോഷമായിരുന്നോ അതൊക്കെ.? “ഡാ ചവിട്ടല്ലേടാ അമ്മയ്ക്കു വേദനിക്കില്ലേ“എന്നവൾ സ്നേഹപൂർവ്വം ശാസിക്കുന്നത് കേൾക്കാൻ എനിക്കും ഇഷ്ടമായിരുന്നു.
പക്ഷെ ഒടുവിൽ അതു സംഭവിച്ചു.കഴിഞ്ഞ ആഴ്ച്ച സ്കാൻ ചെയ്തപ്പോൾ ഡോക്റ്ററിനു മനസ്സിലായി അവളുടെ കുഞ്ഞ് പൂർണ്ണനല്ലെന്ന്...അവളുടെ മോഹങ്ങൾക്കേറ്റ ക്ഷതം...അവൾ ആ കുഞ്ഞിനു വേണ്ടി ഒരു പാട് കരഞ്ഞു...പക്ഷെ എല്ലാവരും കൂടി തീരുമാനിച്ചു അതിനെ കളയാൻ.....
അവളെ കൊണ്ട് നിർബന്ധിച്ചു ഒരു മരുന്നു കഴിപ്പിച്ചു.അതെന്റെ കുഞ്ഞിന്റെ ജീവനെടുക്കാൻ എന്നരികിലേക്കു വന്നു.ചെറുത്തു നിൽക്കാനായില്ല.വല്ലാത്തൊരു വേദനയായിരുന്നു.വലിഞ്ഞു മുറുകുന്നതു പോലെ.....ഞാൻ ചുരുങ്ങി ചുരുങ്ങി വന്നു.എന്നുള്ളിൽ കിടന്ന് ആ കുഞ്ഞു ജീവൻ ശ്വാസം മുട്ടി..ആരോ എന്നെ പിടിച്ചു വലിച്ച് അതിനെ പുറത്തേക്ക് പോവാൻ വഴി തുറന്നു കോടുത്തു.അതിലൂടെ ആ ജീവൻ പുറത്തേക്കു തെറിച്ചു വീണു...
അവളും വേദനകൊണ്ടു കരയുകയായിരുന്നു.വേദനയുണ്ടെങ്കിലും ആ ജീവൻ അവളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അതൊരു വേദനയേ ആവില്ലായിരുന്നു....(അത് ജീവനില്ലാത്ത വെറും മാംസപിണ്ഡമായല്ലേ പുറത്തു വന്നത്....)
എനിക്കൊന്നുറക്കെ കരയാൻ പോലും പറ്റുന്നില്ല.അവൾ കരഞ്ഞു തീർക്കട്ടെ....തളരാതിരുന്നാൽ മതിയായിരുന്നു.എനിക്കവളെ ആശ്വസിപ്പിക്കണമെന്നുണ്ട്“.ഞാൻ ഇവിടെതന്നെയുണ്ടല്ലോ,ജീവന്റെ
തുടിപ്പ് ഇനിയും എന്നിൽ വളരും “എന്നവളോട് വിളിച്ചു പറയണമെന്നുണ്ട്.പക്ഷെ അവളുടെ വയറിന്നുള്ളിൽ കിടന്ന് ഞാനിതെങ്ങിനെ അവളോടു പറയും..?
എങ്കിലും ഞാൻ കാത്തിരിക്കുന്നു.........................
ഒരു ജീവന്റെ തുടിപ്പ് എന്നെ തേടിയെത്തുന്നതും നോക്കി.............................!